ആറ്റിങ്ങൽ: അഞ്ചുതെങ്ങ് സ്വദേശികൾ വിദേശത്ത് ജയിലിലായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ആശങ്കയിൽ. അഞ്ചുതെങ്ങ് മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ (27), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആൻസി (22), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി (24), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് അരുൺ (26), അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് കുരിശടിമുക്ക് അമൻ ജെറോം (27) എന്നിവരാണ് കംബോഡിയയിൽ ജയിലിൽ ആയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഇവർ താമസിച്ചിരുന്ന സ്ഥലത്ത് കംബോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ താമസിച്ചിരുന്നു എന്ന കാരണം പറഞ്ഞാണ് ഇവരെ പിടികൂടിയത്. ആദ്യം ഷെൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കംബോഡിയിലെ ബന്റായ മീൻചേയ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുകയാണ്.
പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ 20 ഇന്ത്യക്കാരാണ് കംബോഡിയയിൽ കുടുങ്ങിയത്. 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഇതിൽ ഉൾപ്പെടും. അഞ്ചുതെങ്ങിൽ നിന്നുള്ള അഞ്ചുപേരിൽ മൂന്നുപേർ ഒരു കുടുംബത്തിലുള്ളവരാണ്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ. വ്യാജ റിക്രൂട്ട്മെന്റിന് ഇരയായാണ് ഇവർ കംബോഡിയയിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടര ലക്ഷം രൂപ വീതം നൽകിയാണ് ഇവർ കംബോഡിയയിലേക്ക് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. സൂപ്പർ മാർക്കറ്റിലെ ജോലിയാണ് റിക്രൂട്ട്മെന്റ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.